ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്കുന്ന ഏറ്റവും വലിയ യാത്രയയപ്പ് തെരഞ്ഞെടുപ്പ് ദിവസമായ നാളെയാണെന്ന് അച്ചു ഉമ്മന്‍. യാത്രയയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിവസം കേള്‍ക്കുമെന്നും ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ ചാണ്ടി ഉമ്മന്‍ മറികടക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്രയും അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല. മാത്രമല്ല, എല്ലാത്തിനും ഉപരിയായി ഉമ്മന്‍ ചാണ്ടി എന്ന ഘടകം നിലവില്‍ ഉണ്ട് എന്നും ഈ സാഹചര്യങ്ങള്‍ നിലവില്‍ ഉള്ളതുകൊണ്ട് തന്നെയാണ് എതിര് ഭാഗം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത് എന്നും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന് കാരണവും ഇതാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ താന്‍ തിരിച്ചു പോകും. കൊട്ടിക്കലാശത്തിന് താന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരുടെ ആവേശം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന നിലയ്ക്ക് ലഭിക്കുന്നതാണെന്നും അത് തനിക്ക് വ്യക്തിപരമായി ഉണ്ടാവുന്നതല്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
അതേസമയം തനിക്കെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. നടപടികള്‍ മുന്നോട്ട് കൊണ്ടു പോകേണ്ടത് പൊലീസ് ആണ്. നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.