കൊച്ചി: നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഓണം സൃഷ്ടിച്ച അമിതഭാരവും നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള കരാറിന് അന്തിമ അംഗീകാരം നൽകി സർക്കാർ. മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള കരാറിനാണ് അന്തിമ അനുമതിയായത്. കരാറിൽ വൈകാതെ സർക്കാർ ഒപ്പിടും എന്നാണ് അറിയുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഹെലികോപ്റ്റർ കേരളത്തിൽ എത്തും.
2020-ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെയായിരുന്നു ഈ കരാർ. വൻധൂർത്തെന്ന ആരോപണം ഉയർന്നതോടെ ഒരു വർഷത്തിന് കരാർ സർക്കാർ പുതുക്കാതെ അവസാനിപ്പിച്ചു. എന്നാൽ രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കമ്പനിയുമായി കരാർ ഒപ്പിട്ടാണ് സർക്കാർ ഹെലികോപ്റ്റർ സേവനം വീണ്ടും മുഖ്യമന്ത്രിക്ക് ലഭ്യമാക്കുന്നത്.