പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. ഉമ്മന്‍ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത സഹായം ചാനലിലൂടെ പറഞ്ഞതിനാണ് വെറ്ററിനറി ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് 52 കാരിയായ സതിയമ്മ പറയുന്നു.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറാണ് പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ. 11 വര്‍ഷമുണ്ടായിരുന്ന ജോലിയാണ് നഷ്ടപ്പെട്ടത്.
മകന് രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യുമെന്നും പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് ചാനലിലിലൂടെ ഇത് പ്രക്ഷേപണം ചെയ്തത്. തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറയുകയായിരുന്നു.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് വെറ്ററിനറി ആശുപത്രി. 8000 രൂപ മാസ വേതനത്തിലാണ് സതിയമ്മ ആശുപത്രിയില്‍ ജോലി ചെയ്തത്. സതിയമ്മയുടെ ഭര്‍ത്താവിന് ജോലിയില്ല. വീട്ടിലെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. ആ ജോലിയാണ് ഇതോടെ നിലച്ചത്.
തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായം മറക്കാന്‍ കഴിയാത്തതിനാല്‍ പറഞ്ഞതാണെന്നുമാണ് സതിയമ്മ പറയുന്നത്.