ദോഹ: ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും പുറപ്പെടാതായതോടെ യാത്രക്കാർ ദുരിതത്തിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് ഇപ്പോഴും അനിശ്ചിതമായി വൈകുന്നത്.
മുൻനിശ്ചയിച്ച പ്രകാരം ഇന്നലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താളത്തിൽ എത്തിയ യാത്രക്കാരെല്ലാം ഇമ്മിഗ്രേഷൻ ചെക്കിംഗ് നടപടികൾ പൂർത്തിയാക്കി വിമാനത്തിനകത്ത് കയറിയിരുന്നു. തുടർന്ന് യാത്രക്കാരുമായി റൺവേയിൽ എത്തിയ വിമാനം അവിടെ നിർത്തിയിട്ടു. ഏതാണ്ട് രണ്ട് മണിക്കൂറോളം 150-ലേറെ യാത്രക്കാരുമായി വിമാനം റൺവേയിൽ നിന്നു. തുടന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി ടെർമിനലിലേക്ക് മാറ്റി.
വിമാനത്തിൻ്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ യാത്രക്കാരെയെല്ലാം ഹോട്ടലിലേക്ക് മാറ്റി. കൈക്കുഞ്ഞുങ്ങളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ മണിക്കൂറുകളോളമാണ് ഇതുകാരണം ദുരിതത്തിലായത്. വിമാനം ഇന്ന് വൈകിട്ടോടെ പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ നൽകുന്ന വിവരം.