റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ട് മുമ്പുള്ള ഭ്രമണപഥം താഴ്ത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.
സാങ്കേതിക തടസ്സം നീക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പേടകം തകര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുന്നത്.
അന്‍പത് വര്‍ഷത്തിനിടെ ചന്ദ്രനിലേക്ക് റഷ്യ ആദ്യമായി വിക്ഷേപിച്ച ദൗത്യമാണ് ലൂണ-25. ഇന്ത്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചതിന് ശേഷമാണ് ലൂണ വിക്ഷേപിച്ചതെങ്കിലും നേരത്തെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു റഷ്യ ലക്ഷ്യമിട്ടിരുന്നത്. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. 2021ല്‍ ഒക്ടോബറില്‍ നടത്താനിരുന്ന വിക്ഷേപണമാണ് രണ്ട് വര്‍ഷത്തോളം വൈകി നടന്നത്.
അതേസമയം ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഈ മാസം 23 നോ 24നോ ചാന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്. ജൂലൈ 14നാണ് ഇന്ത്യ ചാന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.