നമ്പര്‍ പ്ലേറ്റ് മാസ്ക് വെച്ച് മറച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് മറച്ചുവെച്ചതിനും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനുമാണ് മോട്ടോര്‍ വാഹന വകുപ്പ് സി.ജെ ജ്യോതിഷിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
തൊടുപുഴ ട്രാഫിക്ക് പൊലീസിന്റെ വാഹന പരിശോധനയിലാണ് നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് കണ്ടത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയും ഇന്‍സ്പെക്ടര്‍ ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനില്‍ എത്തി വാഹനം പരിശോധിച്ച ശേഷമാണ് കേസെടുത്തത്. വാഹന ഉടമയ്ക്കെതിരെയും വാഹനം ഓടിച്ചിരുന്ന ആളെയും വെങ്ങൂര്‍ കണ്ട്രോള് റൂമില്‍ നേരിട്ട് വിളിപ്പിച്ച് കേസെടുക്കുകയായിരുന്നു.
ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ആര്.ടി.ഒ പി.എ നസീര്‍ അറിയിച്ചു. ബോധവത്കരണ ഘട്ടം അവസാനിച്ചതിനാല്‍ ലൈസന്‍സ് സസ്പെന്ഷന് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്നും ആര്.ടി.ഒ അറിയിച്ചു.