ദോഹ: ഖത്തറിൽ നിന്നും തിരുവനന്തപുരത്തേക്ക് നോണ്‍ സ്റ്റോപ്പ് വിമാനസർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്സ്. എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചത്.
ഒക്ടോബർ 29-നാണ് ആദ്യസർവ്വീസ്. ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. നിലവിൽ ഖത്തർ എയർവേയ്സ് മാത്രമാണ് ദോഹ – തിരുവനന്തപുരം റൂട്ടിൽ നേരിട്ടുള്ള സർവ്വീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ്സ് ഈ റൂട്ടിൽ സർവ്വീസ് നടത്താൻ എത്തുന്നത് തെക്കൻ ജില്ലകളിൽ നിന്നും നാഗർകോവിൽ, കന്യാകുമാരി അടക്കമുള്ള തമിഴ്നാട് മേഖലകളിൽ നിന്നുമുള്ള ഖത്തറിലെ പ്രവാസികൾക്ക് ഉപകാരപ്രദമാകും.
ആഴ്ചയിൽ നാല് ദിവസമായിരിക്കും ദോഹ – തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ്സ് സർവ്വീസ് നടത്തുക. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം – ദോഹ റൂട്ടിൽ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലുമാവും സർവ്വീസ്.