ദുബായ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർമ്മ. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ സഹായവാഗ്ദാനം. ഓവർസീസ് മലയാളി അസോസിസേയഷൻ എന്ന ഓർമ മലയാളി പ്രവാസികളുടെ കൂട്ടായ്മയാണ്.
ഓർമയുടെ പ്രസ്താവന
നമ്മുടെ നാടിൻറെ വിവിധ പ്രദേശങ്ങളിൽ കാലവർഷക്കെടുതി മൂലം കനത്ത ദുരിതമാണ് സംഭവിക്കുന്നത് . കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ആണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത് . വയനാട്ടിലെ ചൂരൽമല യിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാട് തന്നെ നാമാവശേഷമായിരിക്കുകയാണ് . ഏതൊരു മനുഷ്യനെയും വിറങ്ങലിപ്പിക്കുന്ന കാഴ്ച്ചകളാണ് നമ്മുടെ മുൻപിലേക്ക് വരുന്നത് .
സർക്കാർ സംവിധാനങ്ങളും ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാ മനുഷ്യരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ് . നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത് . കിടപ്പാടം പോലും ഇല്ലാതെ സർവ്വവും നഷ്ടപ്പെട്ട നിസ്സഹായനായി നിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കേണ്ടത് പ്രവാസികളുടെ കടമയാണ് . സന്മനസ്സുള്ള എല്ലാവരുടേയും സഹായം നമ്മുടെ നാടിന് ആവശ്യമായി വന്നിരിക്കുകയാണ് . ഒന്നും മിച്ചമില്ലാത്തവർ ആണെങ്കിൽ പോലും നമ്മുടെ നാണയത്തുട്ടുകൾ നാടിനൊരു കൈത്താങ്ങാവും എന്നുറപ്പാണ് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി ഓർമ 10 ലക്ഷം രൂപ നൽകും.
നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണം എന്നും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു . ഈ ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തിര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണം . ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണം . കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനവും അതിന്റെ ഏകോപനവും അഭിനന്ദാർഹം ആണ് . സ്വജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ള രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു . ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ ഓർമ അനുശോചനം രേഖപ്പെടുത്തുന്നു .