തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി. രാജ്യത്തേറ്റവും കൂടുതൽ തിരക്കുള്ള കാസർകോട് വന്ദേഭാരതിന് പെയർ സർവ്വീസായി അടുത്ത വന്ദേഭാരത് കേരളത്തിന് കിട്ടും. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും ഉറപ്പ് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിനുള്ള നരേന്ദ്രമോദിയുടെ ഓണസമ്മാനമാണ് പുതിയ വന്ദേഭാരത് ട്രെയിനെന്ന് സുരേന്ദ്രൻ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ്സിന് വലിയ സ്വീകരണമാണ് കേരളത്തിലെ ജനങ്ങൾ നൽകിയത്. രാജ്യത്തേറ്റവും തിരക്കുള്ള വന്ദേഭാരത് ട്രെയിൻ കൂടിയാണ് കേരളത്തിലേത് ഈ സാഹചര്യത്തിലാണ് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ഒരു വന്ദേഭാരത് കൂടി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്നും അധികം വൈകാതെ തന്നെ പുതിയ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് താൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിൻ അനുവദിച്ചതെന്നും കൂടിക്കാഴ്ചയിൽ ട്രെയിൻ ഉടനെ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.
ചെന്നൈയിലെ ഐസിഎഫ് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നത്. നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. ഇവയെല്ലാം ചേർന്ന് ഒരു ദിവസം അൻപത് സർവ്വീസുകൾ നടത്തുന്നുണ്ട്. മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി കിടക്കുന്നതായി നേരത്തെ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ള നിറത്തിലുള്ള ഒരു വന്ദേഭാരത് ട്രെയിനും പുതിയ ഓറഞ്ച്/ഗ്രേ കളർ കോംബിനേഷനിലുള്ള രണ്ട് ട്രെയിനുകളുമാണ് ചെന്നൈ ഐസിഎഫിൽ സജ്ജമായിരിക്കുന്നത്. നേരത്തെ സർവ്വീസ് നടത്തിയ ട്രെയിനുകളിലെ യാത്രക്കാരുടേയും റെയിൽവേ ജീവനക്കാരുടേയും അഭിപ്രായം നിരവധി മാറ്റങ്ങൾ വരുത്തിയ പുതിയ കോച്ചുകളോടെയാണ് ഈ വന്ദേഭാരത് ട്രെയിനുകൾ തയ്യാറാക്കിയിട്ടുള്ളത്. ഈ മൂന്ന് എണ്ണത്തിൽ ഒന്ന് കേരളത്തിന് ലഭിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.
ഫേസ്ബുക്ക് പോസ്റ്റ് –
കേരളത്തിന് നരേന്ദ്ര മോദിയുടെ ഓണ സമ്മാനം ! വിഷുക്കൈനീട്ടമായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ വന്ദേഭാരത് എക്സ്പ്രെസ്സിനെ ഇരുകൈയും നീട്ടിയാണ് കേരള സമൂഹം സ്വീകരിച്ചത്. നിലവിലെ വന്ദേ ഭാരത് എക്സ്പ്രസിന്റെ അഭൂതവഹമായ തിരക്കിനെത്തുടർന്ന് , കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന് പച്ചക്കൊടി കാട്ടി. കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കത്ത് നൽകിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ നടപടി കൈക്കൊണ്ടത്.