2024 വിട വാങ്ങാനൊരുമ്പോൾ ഈ വർഷത്തെ സെർച്ച് ട്രെൻഡ് പുറത്തു വിട്ട് ഗൂഗിൾ. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള സെർച്ച് എഞ്ചിനായ ഗൂഗിളിൽ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞ കാര്യങ്ങളാണ് ഗൂഗിൾ സെർച്ച് ട്രെൻഡിൽ ഇടം പിടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ചാണ് ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞെതെന്ന് ട്രെൻഡ് ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നു. ടി20 വേൾഡ് കപ്പ്, ഭാരതീയ ജനതാ പാർട്ടി, 2024 തെരഞ്ഞെടുപ്പ് ഫലം, 2024 ഒളിംപിക്സ് എന്നിവയാണ് സെർച്ച് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഉള്ളത്.
രാജ്യമാകെ റീൽസിൽ നിറഞ്ഞ മലയാളികളുടെ സ്വന്തം ഇല്ലുമിനാറ്റി പാട്ട് ഇന്ത്യക്കാർ ഏറ്റവും തെരഞ്ഞ അഞ്ച് പാട്ടുകളിൽ മൂന്നാമതായി ഇടം പിടിച്ചിട്ടുണ്ട്. നന്ദാനിയൻ, ഹുസ്ൻ, കച്ചി സേരാ, യെ ട്യുണ് ക്യാ കിയാ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും തെരഞ്ഞ അഞ്ച് പാട്ടുകൾ. ഗൂഗിൾ സെർച്ചിൽ ഏറ്റവും അടുത്ത് (Near Me) ഓപ്ഷനിൽ ആളുകൾ നടത്തിയ സെർച്ചിലാണ് ഓണം സദ്യ ഇടംപിടിച്ചത്. AQI,RAM Mandir, Sports Bar near Me, Best Bakery Near me എന്നിവയാണ് ഈ വിഭാഗം സെർച്ചിൽ ഇടം നേടിയത്.
സിനിമകളിൽ സ്ത്രീ 2, കൽക്കി 2898 AD, 12th Fail, ലാപ്പാട്ടാ ലേഡീസ്, ഹനു മാൻ എന്നിവയാണ് സെർച്ച് ലിസ്റ്റിലെ ടോപ്പ് അഞ്ച് സിനിമകൾ. വിനേഷ് ഫോഗട്ട്, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ഹർദിക്ക് പാണ്ഡ്യ, പവൻ കല്ല്യാണ് എന്നിവരാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട വ്യക്തികൾ. ഇന്ത്യക്കാർ തെരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാമത് അസർബൈജാൻ ആണ്. ബാലി, മണാലി, കസാഖിസ്ഥാൻ, ജയ്പൂർ എന്നിവയാണ് തുടർസ്ഥാനങ്ങളിൽ.