അൽ ഐൻ: മലയാളി എവിടെപ്പോയാലും പൊളിയാണ്. അൽ ഐനിൽ കഴിഞ്ഞ ദിവസം കാണികളെയാകെ അമ്പരപ്പിച്ച ഒരു മത്സരം നടന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ ചാമ്പന്മാർ പങ്കെടുത്ത പഞ്ചഗുസ്തി മത്സരം. മുപ്പതിലേറെ മത്സരാർത്ഥികൾ പങ്കെടുത്ത പഞ്ചഗുസ്തിയിൽ രണ്ട് വിഭാഗങ്ങളിലും കപ്പ് കൊണ്ട് കൊണ്ട് പോയത് മലയാളികളാണ്. ഇന്ത്യൻ പഞ്ചഗുസ്തി ടീം അംഗങ്ങളായ ഉമേഷ്, മസാഹിർ എന്നിവരാണ് പ്രവാസി മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾ
75 കിലോയിൽ താഴെയുള്ള വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉമേഷാണ് ഒന്നാം സ്ഥാനം നേടിയത്. കൊറിയയുടെ യൂങ്സൗങ് ലീ രണ്ടാം സ്ഥാനത്തെത്തി. 75-85 വിഭാഗത്തിൽ ഉക്രൈൻ പ്രതിനിധി മാക്സ് ഒന്നാം സ്ഥാനവും യുഎഇയുടെ വലീദ് റാമ്പോ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 85 കിലോയ്ക്ക് മുകളിൽ മലയാളിയായ മസാഹിർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനവും പലസ്തീൻ പ്രതിനിധി മുഹമ്മദ് ഹില്ലെസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ആകാംക്ഷയോടെ മത്സരം കണ്ടു നിന്നവരെയാകെ ആവേശം കൊള്ളിച്ച് ഇന്ത്യൻ പ്രതിനിധിയും മലയാളിയുമായ മസാഫിർ വിജയകിരീടം ചൂടി.
ഐൻ അൽ ഐൻ അമിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽ ഐനിന്റെ കായിക ചരിത്രത്തിൽ ആദ്യമായി നടന്ന പ്രൊഫഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപിന് അൽ ഐൻ ലുലു കുവൈത്താത്ത് വേദിയായി. അൽ വക്കർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദും ഐ എസ് സി പ്രസിഡന്റ് മുബാറക് മുസ്തഫയും ചേർന്ന് പഞ്ചഗുസ്തി നടത്തി മത്സരം മത്സരം ഉദ്ഘാടനം ചെയ്തത് കാണികളിലും മത്സരാർത്ഥികളിലും കൗതുക കാഴ്ചയായി.
ഐൻ അമിറ്റി ക്ലബ് പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജേഷ് ചിന്നപ്പൻ സ്വാഗതമാശംസിച്ചു. ഐ എസ് സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ന്യൂ അൽ ഐൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുധാകരൻ, ലോക കേരള സഭാ അംഗം ഇ കെ സലാം ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. തന്റെ പ്രവർത്തനമണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അൽ ഐൻ ഐ. എസ്. സി പ്രസിഡണ്ടും അമിറ്റി ക്ലബ്ബിന്റെ സന്തത സഹചാരിയുമായ മുബാറക് മുസ്തഫയെ ചടങ്ങിൽ ആദരിച്ചു.
കാണികളുടെ മത്സരാവേശവും മത്സരാർത്ഥികളുടെ പ്രകടനവും അതിശയിപ്പിച്ച ‘അൽ ഐൻ പഞ്ച 2023 ഇനിയുമാവർത്തിക്കുമെന്ന സൂചനയോടെ പ്രോഗ്രാം കൺവീനർ അനൂപ് ശശിധരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.