അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഫെബ്രുവരി 23, 24, 25 തീയതികളിൽ അൽ ഐൻ സോഷ്യൽ സെന്റർ അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവലിന് ഫെബ്രുവരി 23 വെള്ളിയാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അമർനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ പ്രമുഖർ സംബന്ധിക്കും.
അൽ ഐനിലെ മുഴുവൻ ഇന്ത്യൻ പ്രവാസ സമൂഹത്തെയും ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളെയും , ഭാഷകളെയും കോർത്തിണക്കിയുള്ള വിവിധ കലാ സാംസ്കാരിക പ്രകടനങ്ങൾ , വിനോദ പരിപാടികൾ എന്നിവ മൂന്നു രാത്രികളിലായി ഐ എസ് സി വേദിയിൽ വെച്ച് നടക്കും .
ആഘോഷ ദിനങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 11 മണി വരെ തുറന്നു പ്രവർത്തിക്കുന്ന വിവിധ തരത്തിലുള്ള സ്റ്റാളുകൾ പലതരം കലകളും, വിഭവങ്ങളുമായി സന്ദർശകർക്ക് വിരുന്നൊരുക്കും. അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യുഎഇയിലെ ഉന്നത വ്യക്തിത്വങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും.
പ്രവേശന കൂപ്പണുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യകതികൾക്കു ഒന്നാം സമ്മാനമായ കാർ ഉൾപ്പടെ 25 ആകർഷകമായ സമ്മാനങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന് ശേഷം പുനരാരംഭിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഒരു വൻവിജയമക്കുന്നതിനായി മുഴുവൻ യു എ ഇ പ്രവാസി സമൂഹത്തെയും അൽ ഐൻ പൂന്തോട്ട നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ടി. വി. എൻ. കുട്ടി (ജിമ്മി) , ജനറൽ സെക്രട്ടറി മണികണ്ഠൻ. പി. പി, ട്രഷറർ സാദിഖ് ഇബ്രാഹിം എന്നിവർ അറിയിച്ചു.