കലാപ കലുഷിതമായ മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കുകി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിക്കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മെയ് നാലിന് നടന്ന സംഭവത്തിലെ വീഡിയോ ആണ് പുറത്ത് വന്നത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും തുടരുന്ന മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകളെ നടവഴിയിലൂടെ ഒരുകൂട്ടം ആണുങ്ങള് നഗ്നരാക്കി നടത്തുന്നതാണ് ദൃശ്യങ്ങള്‍. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. മെയ്തെയി വിഭാഗത്തില്‍പ്പെട്ടവരാണ് സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. പാടത്ത് വെച്ച് ഇവരെ ബലാത്സംഗം ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങി പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെയുള്ള അക്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
ഈ സംഭവം നടക്കുന്നതിന് മുമ്പ് കുകി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉയരുകയാണ്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്പോക്പിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു.
സംഭവത്തില്‍ കേസെടുത്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവം മറ്റൊരുജില്ലയില്‍ ആണ് സംഭവിച്ചെതെങ്കിലും കാങ്പോക്പിയില്‍ കേസെടുത്ത് എഫ്ഐആര്‍ ഇട്ടുവെന്നാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം.
സംഭവം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യത്വ രഹിത നടപടിയാണെന്നും കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.