കൊച്ചി: ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഒരു വ്യക്തിയെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.