നടൻ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. മാവേലിക്കര സ്വദേശിയായ വ്യവസായി ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. വിവാഹനിശ്ചയചടങ്ങുകൾ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.
വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ ഭാഗ്യസുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാഹവിശേഷം പുറത്തറിഞ്ഞത്. അടുത്ത വർഷം ജനുവരി 17-ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹസത്കാര ചടങ്ങുകൾ ജനുവരി 20-ന് തിരുവനന്തപുരം ഗ്രീൻ ഫിൽഡ് സ്റ്റേഡിയത്തിൽ നടക്കും. മാവേലിക്കര സ്വദേശിയായ വ്യവസായി മോഹനൻ്റേയും ശ്രീദേവിയുടേയും മകനാണ് ശ്രേയസ് മോഹൻ.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ഈ അടുത്താണ് ഭാഗ്യ നാട്ടിൽ തിരിച്ചെത്തിയത്. പരേതയായ ലക്ഷ്മി, ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.