വൈപ്പിൻ: എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിച്ചും തീരദേശമേഖലയുടെ വികസനത്തിന് വഴിയൊരുക്കിയും മുനമ്പം പാലം വരുന്നു. എറണാകുളം വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും തൃശ്ശൂർ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിച്ചാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരമുള്ള മുനമ്പം – അഴീക്കോട് പാലം വിഭാവനം ചെയ്തിരിക്കുന്നത്. പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
എറണാകുളം,തൃശ്ശൂർ ജില്ലകളുടെ തീരമേഖലയിൽ വലിയ മാറ്റത്തിന് പാലം വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. കിഫ്ബി ഫണ്ടിൽ നിന്നുള്ള 143.28 കോടി രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലം നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുക ടെണ്ടർ ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിന് കഴിഞ്ഞ മന്ത്രിസഭായോഗം നിർമ്മാണ കരാർ അനുവദിക്കുകയായിരുന്നു.
തീരദേശ ഹൈവേ മാനദണ്ഡങ്ങൾക്കനുസൃതം നിർമ്മിക്കുന്ന പാലത്തിന് മാത്രം 868.7 മീറ്റർ നീളമുണ്ടാകും. ഫൂട്ട് പാത്തും സൈക്കിൾ ട്രാക്കും പാലത്തിന്റെ ഭാഗമായി ഉൾപ്പെടുന്നു. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പദ്ധതിക്ക് 15.70 മീറ്റർ വീതിയുണ്ടാകും.
പാലം വന്നാലും ജലപാതയിലൂടെ ഗതാഗതം സുഗമമാകുന്നതിന് എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് വൈപ്പിൻ – കയ്പമംഗലം എംഎൽഎമാർ പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷം സുഗമമായ ജലഗതാഗതം ഉറപ്പ് വരുത്താൻ പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്റർ ആയി ഉയർത്തിയിട്ടുണ്ട്. ഇതിലൂടെ പാലത്തിന് താഴെ മത്സ്യബന്ധന യാനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കടന്നു പോകാം. ഇതുകൂടാതെ പാലത്തിൻ്റെ മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിംഗ് നടത്തുന്നതിന് നാലുകോടി രൂപയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പാലം നിർമ്മാണം ആരംഭിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് ഫിഷറീസ് വകുപ്പുമായി നേരത്തെ ധാരണയായിരുന്നു. കോഴിക്കോട് – കൊച്ചി റോഡ് ഗതാഗതത്തിലെ ദൂരം കുറയ്ക്കാനും ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകുന്ന പാലം സഫലമാകുന്നതോടെ മേഖലയിലെ മത്സ്യവ്യവസായവും അഭിവൃദ്ധി പ്രാപിക്കുമെന്ന് കയ്പമംഗലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ പറഞ്ഞു.
ദേശീയ ജലപാതയായതിനാൽ കേന്ദ്ര തുറമുഖ വകുപ്പിന്റെയും ദേശീയ ജലപാത വകുപ്പിന്റെയും സംസ്ഥാന തുറമുഖ വകുപ്പിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രത്യേക അനുമതി തേടിയാണ് പാലം പണിയിലേക്ക് കടക്കുന്നത്.
നിർമ്മാണോദ്ഘാടന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടികജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡന, തൃശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ഡേവിസ് മാസ്റ്റർ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരും മുഖ്യാതിഥികളാകും. ടീം ലീഡർ നോർത്ത് കെ ആർ എഫ് ഇ ബി (കേരള റോഡ് ഫണ്ട് ബോർഡ്) എസ്.ദീപു സാങ്കേതിക വിവരണം നടത്തും.
മന്ത്രി പി.രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ മുനമ്പം – അഴീക്കോട് പാലത്തിന് അനുബന്ധ ചെലവുകൾക്കുൾപ്പെടെ കിഫ്ബിയിൽനിന്ന് 160 കോടി രൂപ അനുവദിച്ചു. എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന 868.7 മീറ്റർ നീളമുള്ള പാലം നിർമ്മിക്കാൻ 143.28 കോടി രൂപയാണ് ചിലവ് നിശ്ചയിച്ചിരിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ മൊത്തം നീളം 1123.35 മീറ്ററാണ്. പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനു വൈദ്യുതീകരണവും ഉണ്ടാകും. എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും വഴിയൊരുക്കുന്ന പാലം ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകുന്നതിനൊപ്പം മേഖലയിലെ മത്സ്യവ്യവസായത്തിന്റെ അഭിവൃദ്ധിക്കും മുതൽക്കൂട്ടാകും.