ദില്ലി: വ്യാജ അഡ്മിഷൻ കാർഡുമായി കാനഡയിൽ പോയി ഉപരിപഠനം നടത്തിയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ സർവ്വകലാശാലകളിൽ വ്യാജഅഡ്മിഷൻ കാർഡ് ഉപയോഗിച്ച് പഠിച്ചിറങ്ങിയവരാണ് ഇപ്പോൾ നാടുകടത്താൻ കനേഡിയൻ സർക്കാർ ഒരുങ്ങുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
തങ്ങൾക്ക് ഓഫർ ലെറ്ററുകൾ തന്നതും അഡ്മിഷൻ ശരിയാക്കി തന്നതും ഏജൻ്റുമാരാണെന്നും ഇവ വ്യാജരേഖകളായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യക്കാർ പറയുന്നു. കൈയിലുള്ളതെല്ലാം ചിലവാക്കിയും കടം വാങ്ങിയുമാണ് കാനഡയിലേക്ക് വന്നതെന്നും, അഡ്മിഷൻ നേടേണ്ട സർവ്വകലാശാലകളിൽ അഡ്മിഷൻ പൂർത്തിയായെന്നും വേറെ സർവ്വകലാശകളിൽ അഡ്മിഷൻ നേടി തരാമെന്നും ഏജൻ് പറഞ്ഞത് വിശ്വസിക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഈ വിദ്യാർത്ഥികൾ പറയുന്നു.
അഡ്മിഷൻ കാർഡിൽ പറഞ്ഞ കോളേജിൽ പ്രവേശനം കിട്ടാതെ വന്നാൽ ഒരു വർഷം നഷ്ടപ്പെടും എന്നതിനാലാണ് ഏജൻ്റുമാർ പറഞ്ഞ പ്രകാരം മറ്റു സർവ്വകലാശാലയിൽ പഠിക്കാൻ വിദ്യാർത്ഥികൾ സമ്മതിച്ചത്. അങ്ങനെ കാനഡയിലെ പല സർവ്വകലാശാലകളിലായി മൂന്നും നാലും വർഷത്തെ കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അവിടെ സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകിയപ്പോൾ ആണ് ചതി മനസ്സിലായത്. വിദ്യാർത്ഥികൾ വിസ നേടാൻ ഉപയോഗിച്ച അഡ്മിഷൻ ടിക്കറ്റുകൾ വ്യാജമാണെന്ന് കാനഡ ബോർഡർ സർവ്വീസ് ഏജൻസി പരിശോധനയിൽ കണ്ടെത്തി. ഇതോടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കുറ്റം ചുമത്തി ഈ വിദ്യാർത്ഥികളെ ഡീപോർട്ട് ചെയ്യാൻ സർക്കാർ നീക്കം ആരംഭിച്ചു.
വിഷയം കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ വിവാദമായി മാറി. നാടുകടത്തൽ ഭീഷണി നേരിടുന്നവരിലേറെയും പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളായതിനാൽ പഞ്ചാബ് സർക്കാർ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഇമിഗ്രേഷൻ അഴിമതിയാണിതെന്ന് പഞ്ചാബ് സർക്കാരിലെ പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കുൽദീപ് സിങ് ധലിവാൽ പറഞ്ഞു.
ഇക്കാര്യം കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യാൻ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തേക്ക് പോകുകയോ കുട്ടികളെ പഠനത്തിന് അയക്കുകയോ ചെയ്യുന്നതിനുമുമ്പ്, കോളേജിന്റെ വിശദാംശങ്ങളും ട്രാവൽ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്നും ധലിവാൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
2018-ൽ സ്റ്റുഡൻ്റ് വിസയിൽ കാനഡയിലെത്തിയവരാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്. നാല് വർഷത്തെ പഠനം പൂർത്തിയാക്കി സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകിയപ്പോൾ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം തിരിച്ചറിഞ്ഞതെന്ന് ഇരകളായ വിദ്യാർത്ഥികൾ പറയുന്നു. തങ്ങളെ പുറത്താക്കുന്നതിന് പകരം തട്ടിപ്പ് നടത്തിയ ഏജൻ്റുമാർക്കെതിരെയാണ് നടപടി വേണ്ടതെന്നും അവർ പറയുന്നു.
നാടുകടത്തൽ നീക്കത്തിനെതിരെ ഇന്ത്യൻ വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയതോടെ വിഷയം കനേഡിയൻ അസംബ്ലിയിലും ചർച്ചയായി. തട്ടിപ്പിനിരയായ വിദ്യാർത്ഥികളെ നാടുകടത്തുമോയെന്ന് പാർലമെൻ്റിൽ ന്യൂ ഡമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ചോദിച്ചു. എന്നാൽ അഴിമതിക്ക് ഇരയായവരെ ശിക്ഷിക്കാനല്ല പ്രതികളെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകൾ സമർപ്പിച്ചാൽ തെറ്റുകാരല്ലാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാവില്ലെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.