കണ്ണൂർ: കെട്ടിട നിർമ്മാണ അനുമതിക്കായി പ്രവാസിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. പയ്യന്നൂർ നഗരസഭയിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ബിജുവിനെയാണ് നഗരസഭാ ഓഫീസിന് പുറത്ത് നിർത്തിയിട്ട കാറിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
പയ്യന്നൂർ സ്വദേശിയായ പ്രവാസി പുതുതായി നിർമ്മിക്കുന്ന കെട്ടിട്ടത്തിൻ്റെ നിർമ്മാണ അനുമതിക്കായി കഴിഞ്ഞ ഏപ്രിലിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞും അനുമതി കിട്ടാതായതോടെ പ്രവാസി നിരന്തരം മുൻസിപ്പൽ ഓഫീസിൽ അന്വേഷണവുമായി എത്തി. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ബിജു അനുമതി നിഷേധിച്ചു. ഒടുവിൽ 25000 രൂപ കൈക്കൂലി കിട്ടിയാൽ അനുമതി തരാം എന്ന് ഇയാൾ പ്രവാസിയെ അറിയിച്ചു.
മാസങ്ങളോളം നടത്തിച്ച ശേഷം കൈക്കൂലി ആവശ്യപ്പെട്ടതോടെ കെട്ടിട ഉടമ ഉടനെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിനെ കണ്ട് പരാതി നൽകി. തുടർന്ന് ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം തയ്യാറാക്കിയ പദ്ധതി പ്രകാരം പ്രവാസി പണവുമായി മുൻസിപ്പൽ ഓഫീസിൽ എത്തി. ഇയാളുടെ കാറിൽ വച്ച് പണം കൈമാറുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ഓവർസീയറെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.