ബലോസാറിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന്റെ ഗൂഡാലോചനയെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. റെയിൽ വേ ഉദ്യോഗസ്ഥരുടെ ഫോൺ കോൾ തൃണമൂൽ കോൺഗ്രസ് ചോർത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു സംസ്ഥാനത്ത് സംഭവിച്ച അപകടമായിരുന്നിട്ട് പോലും ഇന്നലെ മുതൽ മമത ബാനർജിയും സംഘവും പരിഭ്രാന്തിയിലാണെന്നും സംഭവത്തിൽ സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചെർത്തു.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് രണ്ട് റെയിൽ വേ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം ട്വിറ്ററിൽ പങ്കു വച്ചിരുന്നു. രണ്ട് റെയിൽ വേ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം എങ്ങിനെ തൃണമൂൽ കോൺഗ്രെസ്സിലെത്തിയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. അപകടത്തിൽ സിബിഐ അന്വേഷണത്തെ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കാത്തത് എന്ത് കൊണ്ടാണെന്നും സുവേന്ദു ചോദ്യമുയർത്തി. അതേ സമയം സുവേന്ദുവിന്റെ ആരോപണം അപഹാസ്യമെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
ഒഡീഷയിലെ ട്രെയിൻ അപകടം ബംഗാളിൽ രാഷ്ട്രീയ വിഷയമായിരുന്നു. കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മമ്ത ബാനർജി പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്ന സമയത്തും ട്രെയിൻ അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി