സിനിമയിൽ പ്രതിഫലത്തേക്കാൾ മുകളിലാണ് കഥാപാത്രങ്ങളെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയിൽ അഭിനയിച്ച് തീരും മുമ്പേ പ്രതിഫലം ചെലവാകും. പക്ഷേ കഥാപാത്രങ്ങൾ അങ്ങനെ അവസാനിക്കില്ലെന്നും നല്ല കഥാപാത്രങ്ങൾ ജനങ്ങളുടെ മനസിൽ എന്നും നിലനിൽക്കുമെന്നും താരം പ്രതികരിച്ചു. ‘വേതനം ലക്ഷ്യമാക്കി മാത്രമാകരുത് അഭിനയം , ജീവിക്കാൻ പണം വേണം പക്ഷേ പണത്തിന് വേണ്ടിയാകരുത് പ്രവർത്തികൾ’.അങ്ങനെയെങ്കിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമോയെന്ന ചോദ്യത്തിന് നല്ല കഥാപാത്രങ്ങളെ പണത്തിന് വേണ്ടി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോയെന്നായിരുന്നു ഷൈൻ പ്രതികരിച്ചത്. അങ്ങനെ കഥാപാത്രങ്ങളെ വേണ്ടെന്ന് വയ്ക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരമെന്നും നടൻ പ്രതികരിച്ചു.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിർമാതാക്കൾ ഉയർത്തി കൊണ്ട് വരുമ്പോഴാണ് താരത്തിന്റെ പ്രതികരണം വീണ്ടും ശ്രദ്ധേയമാകുന്നത്. അതേസമയം ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ സംഭവത്തിൽ കാലാകാലങ്ങളോളം ആർക്കും ആരെയും വിലക്കാനാവില്ലെന്നായിരുന്നു ഷൈൻ പ്രതികരിച്ചത്. നിർമാതാക്കൾ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടാൽ പണം തരാതെ കബളിപ്പിച്ച നിർമാതാക്കളുടെ പട്ടിക തങ്ങളും പുറത്തു വിടുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം