യുവമോര്‍ച്ചയ്ക്ക് മറുപടി നല്കിയ സിപിഐഎം നേതാവ് പി ജയരാജനെതിരെ ബിജെപി പ്രകടനത്തില്‍ നമുദ്രാവാക്യം. തിരിച്ചടിച്ചാല്‍ മോര്‍ച്ചറി തികയില്ലെന്നും ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തും കാലും കൊത്തും തലയും കൊത്തും ഒറ്റക്കൈയ്യാ ജയരാജാ, ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ എന്നാണ് തലശ്ശേരിയില്‍ ബിജെപി നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം.
പള്ളൂരില്‍ ഇന്നലെ രാത്രിയാണ് പ്രകടനം നടത്തിയത്. ‘മോര്‍ച്ചറി ഒന്ന് ഒരുങ്ങുന്നുണ്ട് നിനക്ക് വേണ്ടി ജയരാജാ’ എന്നും ‘ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ ഷംസീറേ’ എന്നും മുദ്രാവാക്യം വിളിക്കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
‘ഹിന്ദുക്കളുടെ നേരെ വന്നാല്‍ കൈയ്യും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍’ എന്നും മുദ്രാവാക്യത്തില്‍ പറയുന്നു.
ഇതിന് മറുപടിയുമായി വീണ്ടും പി ജയരാജന് രംഗത്തെത്തി. യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്നാണ് പി ജയരാജന് വ്യക്തമാക്കിയത്.
‘സഖാവ് ഷംസീറിനെതിരെ യുവമോര്‍ച്ചക്കാര്‍ ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിക്കുന്നത്.അതേതായാലും ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് ഞാന്‍ പറഞ്ഞതും,’ ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
‘സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിര്‍ക്കും. ആ കാരണത്താല്‍ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്.എസ്.എസ് കരുതേണ്ട. പിന്നെ തന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ ,പെരുന്നാളിനോ,ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം എന്നും ജയരാജന് പോസ്റ്റില്‍ പറയുന്നു.
നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ കുട്ടികള്‍ക്കുള്ള ഒരു പൊതുപരിപാടിയില്‍ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമര്‍ശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതില്‍ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാന്‍ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികള്‍ എന്നും ജയരാജന് കുറിച്ചു.
എ.എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്നാണ് പി ജയരാജന് പറഞ്ഞത്. ഇതിന് മറുപടിയായാണ് ബിജെപി പ്രകടനം നടത്തിയത്.