ഇടുക്കി: അരിക്കൊമ്പനെ മാറ്റി രണ്ടാം ദിവസം ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ അടങ്ങിയ കാട്ടാനക്കൂട്ടമാണ് ജനവാസമേഖലയിലെത്തി അക്രമം നടത്തിയത്. വിലക്ക് മൌണ്ട് ഫോർട്ട് സ്കൂളിന് സമീപത്തുള്ള രാജൻ്റെ താത്കാലിക ഷെഡ്ഡാണ് കാട്ടാനക്കൂട്ടം പൂർണമായി നശിപ്പിച്ചത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ചക്കക്കൊമ്പനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വനംവകുപ്പ് സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ചിന്നക്കനാൽ മേഖലയിൽ നൂറോളം വീടുകൾ ആക്രമിച്ച അരിക്കൊമ്പനെ മാസങ്ങൾ നീണ്ട നിയമനടപടികൾക്ക് ശേഷം ശനിയാഴ്ചയാണ് മയക്കുവെടി വച്ച് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്നലെ പന്ത്രണ്ട് ആനകളടങ്ങിയ സംഘം നിലയുറപ്പിച്ചിരുന്നു. എന്നാൽ ഈ സംഘത്തിൽ ചക്കക്കൊമ്പൻ ഉണ്ടായിരുന്നില്ല. രാത്രി വൈകിയും കാട്ടാനക്കൂട്ടത്തിൽ നിന്നും നിലവിളി കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം പെരിയാർ വന്യജീവിസങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പനെ വെറ്റിനറി സർജൻ അടങ്ങിയ വനംവകുപ്പ് സംഘം നിരീക്ഷിച്ചു വരികയാണ്. തുറന്നു വിട്ട സ്ഥലത്തിന് നാല് കിലോമീറ്റർ ചുറ്റളവിൽ അരിക്കൊമ്പൻ ചുറ്റിക്കറങ്ങുന്നുവെന്നാണ് വനംവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച അഞ്ച് ഡോസ് മയക്കുമരുന്ന് കുത്തിവച്ച ശേഷമാണ് അരിക്കൊമ്പനെ പെരിയാറിലേക്ക് എത്തിച്ചത്. ഇന്നത്തോടെ മയക്കുവെടിയുടെ ക്ഷീണത്തിൽ നിന്നും കൊമ്പൻ പൂർണമായി മോചിതനാവും എന്നാണ് കരുതുന്നത്.
അരിക്കൊമ്പന് കുടിക്കാൻ മരുന്ന് കലർത്തിയ വെള്ളം രണ്ട് വീപ്പകളിൽ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാൽ കൊമ്പൻ ഇതിലൊരു വീപ്പ തട്ടിമറിച്ചുവെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കൊമ്പന് വേണ്ടി പുല്ലും വനംവകുപ്പ് ജീവനക്കാർ കരുതിയെങ്കിലും ഇതും കൊമ്പൻ തൊട്ടിട്ടില്ല. അരിക്കൊമ്പന് നിൽക്കുന്ന പ്രദേശത്തിന് അരികെ ഒരു കാട്ടുചോലയുണ്ട് ഇവിടെ നിന്നും കൊമ്പൻ ദാഹം തീർത്തിരിക്കാം എന്നാണ് വനംവകുപ്പ് കരുതുന്നത്. ഇതേ സ്ഥലത്തേക്ക് ഇന്നലെ ആറ് ആനകൾ അടങ്ങിയ ഒരു സംഘം എത്തിയെങ്കിലും ഇവയോടും അരിക്കൊമ്പൻ അകലം പാലിച്ചു.