ബെംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയവരിൽ മലയാളിയും ഉൾപ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന.

ലോറിയിൽ നിന്നുള്ള ജി.പി.എസ്. സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം. അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ രക്ഷാപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചിൽ തുടരുകയാണ്. ലോറിയിൽ അർജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു.
ഫോൺ റിങ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും നമ്പർ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു. രണ്ടു ഫോണുകളാണ് അർജുനുള്ളത്. ഇതിൽ ആദ്യത്തെ ഫോൺ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്തപ്പോൾ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണിൽ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോഴാണ് വീണ്ടും റിങ് ചെയ്തതെന്നും കുടുംബം പറയുന്നത്.
