ദില്ലി: കൂട്ടുകക്ഷി പിന്തുണയിൽ അധികാരത്തിലേറിയ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യബജറ്റിൽ നേട്ടം ജെഡിയു ഭരിക്കുന്ന ബിഹാറിനും ടിഡിപി ഭരിക്കുന്ന ആന്ധ്രാപ്രദേശിനും. കേവലഭൂരിപക്ഷത്തിന് താഴെ പോയ ബിജെപിക്ക് പിന്തുണ നൽകി അധികാരത്തിലേറ്റിയപ്പോൾ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ആവശ്യപ്പെട്ടത് തങ്ങളുടെ സംസ്ഥാനങ്ങളായ ബിഹാറിനും ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകണം എന്നായിരുന്നു. എന്നാൽ ആ ആവശ്യം നിരസിച്ച കേന്ദ്രസർക്കാർ ബജറ്റിൽ കാര്യമായ കരുതൽ കാണിച്ചാണ് ഇരു സംസ്ഥാനങ്ങളേയും സംതൃപ്തിപ്പെടുത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശ് വിഭജന കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി ബജറ്റിന് പുറത്തും ആന്ധ്രയ്ക്ക് സഹായങ്ങൾ ലഭിക്കും എന്ന സൂചനയാണ് നൽകുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ അമരാവതി തലസ്ഥാന നഗരത്തിൻ്റെ നിർമ്മാണത്തിന് പുതുജീവൻ നൽകുന്നതാണ് ബജറ്റിൽ പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സഹായം.
ജഗമോഹൻ അധികാരത്തിൽ വന്നതോടെ കഴിഞ്ഞ അഞ്ച് വർഷമായി അമരാവതിയിൽ യാതൊരു വികസനവും നടന്നിരുന്നില്ല.അധികാരത്തിൽ തിരിച്ചെത്തിയ ചന്ദ്രബാബു നായിഡുവിൻ്റെ ആദ്യ പ്രഖ്യാപനം തന്നെ അമരാവതിയുടെ നിർമ്മാണമാണ്. കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തോടെ അമരാവതിയിലെ നിർമ്മാണപ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരും.
ഗോദാവരി, കൃഷ്ണ നദികളിലായി നിർമ്മാണത്തിലിരിക്കുന്ന പോളാവരം ജലസേചന പദ്ധതിക്ക് ബജറ്റിൽ സഹായം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം ആന്ധ്രാപ്രദേശിലെ പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിനായി പ്രത്യേക ഗ്രാൻ്റും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശാഖപട്ടണം – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് അതിവേഗപ്പാതകളുടെ അനുബന്ധമായി പുതിയ വ്യാവസായിക ഇടനാഴികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ആന്ധ്രാപ്രദേശിന് ഗുണം ചെയ്യും.
ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും സ്പോർട്സ് – ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾ വഴി കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ സഹായം വേണമെന്ന ബിഹാറിൻ്റെ ആവശ്യം പരിഗണിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബീഹാറിലെ പട്ന-പൂർണിയ, ബക്സർ-ഭഗൽപൂർ, ബോധ്ഗയ-രാജ്ഗിർ-വൈശാലി-ദർഭംഗ എക്സ്പ്രസ് വേ, ബക്സറിലെ ഗംഗാ നദിക്ക് കുറുകെയുള്ള പുതിയ രണ്ടുവരി പാലം എന്നിവയ്ക്കായി 26,000 കോടി രൂപ അനുവദിക്കുമെന്നും നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ബീഹാറിന് 2,400 മെഗാവാട്ട് പവർ പ്ലാൻ്റും പ്രഖ്യാപിച്ചു, ഗയയിൽ ഒരു വ്യാവസായിക ഇടനാഴിയും ബജറ്റിലുണ്ട്.
ഇതുകൂടാതെ രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിൽ വികസനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച പൂർവോദയ പദ്ധതിയിലും ബിഹാറിനും ആന്ധ്രാപ്രദേശിനും കാര്യമായ സഹായം കിട്ടും. ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവയുടെ സർവതോമുഖമായ വികസനത്തിനായി പൂർവോദയ രൂപീകരിക്കും. ഈ പദ്ധതി മാനവവിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.