സോളാർ കേസന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി യെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് ഉദ്യോഗസ്ഥനായ കെ ഹരികൃഷ്ണനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഏവൂരിലെ രാമക്ഷേത്രത്തിനു സമീപമുള്ള ലെവൽക്രോസിലാണ് മൃതശരീരം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ സംഭവ സ്ഥലത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു.
ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
പെരുമ്പാവൂർ ഡി വൈ എസ് പിയായിരിക്കെ ഹരികൃഷ്ണനായിരുന്നു സോളാർ കേസിന്റെ അന്വേഷണ ചുമതല. കേസിൽ പ്രതിയായ സരിതയെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തുവെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയർന്ന് വന്നിരുന്നു. തലശ്ശേരിയിൽ നിന്നും എസ് ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിതയെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പോലീസ് സംഘത്തെ മറികടന്ന് ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ധൃതിയിൽ അറസ്റ്റ് ചെയ്തതായിരുന്നു ആരോപണ കാരണം. പിന്നീട് അനധികൃത സ്വത്ത് സമ്പാദനത്തിനും ഇയാൾക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ഹരികൃഷ്ണന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പല രേഖകളും കണ്ടെത്തിയിരുന്നു.ഇതേ തുടർന്ന് ഹരികൃഷ്ണനെ സർവീസിൽ നിന്നും സസ്പെൻഡും ചെതിരുന്നു.
എന്നാൽ ഹരികൃഷ്ണന്റേത് ആത്മഹത്യയാണെന്നുള്ളത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.