ഷാർജ: അൻപതാം പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് സമ്മാനവുമായി ഷാർജ ക്രിക്കറ്റ് അസോസിയേഷൻ. സച്ചിന്റെ പേരിൽ സ്റ്റേഡിയത്തിൽ സ്റ്റാൻഡ് ഒരുക്കിയിരിക്കുയാണ് അൻപതാം പിറന്നാളിന് അധികൃതർ സച്ചിനെ ആദരിച്ചത്. ഷാർജ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഷാർജ ക്രിക്കറ്റ് സിഇഒ ഖലഫ് ബുഖാതർ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡാണ് സച്ചിന്റെ പേരിലുള്ളത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സച്ചിന്റെ മിന്നും പ്രകടനങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകില്ല.1998 ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 143 റൺസ് പ്രകടനം സച്ചിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. തൊട്ടടുത്ത മത്സരത്തിലും 134 റൺസ് നേടിയതോടെ ഒരേ സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറികൾ നേടുകയും ചെയ്തു. ഈ ഇന്നിങ്സുകളുടെ 25 ആം ഓർമ്മപുതുക്കൽ കൂടിയായിരുന്നു ഈ വർഷം.
“ഷാർജയിൽ കളിക്കുന്നത് എപ്പോഴും മികച്ച അനുഭൂതിയാണ്. . ഷാർജയിലെ ആരവങ്ങളും സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സുമെല്ലാം നൽകിയിട്ടുള്ളത് മറക്കാനാവാത്ത അനുഭവവുമാണ് . സ്റ്റാൻഡ് സമ്മാനിച്ച ഷാർജ ക്രിക്കറ്റ് ബോർഡിനോടും ഖലഫ് ബുഖാത്തറിനോടും നന്ദി അറിയിക്കുന്നു”
വീഡിയോ സന്ദേശത്തിലൂടെ സച്ചിൻ അറിയിച്ചു.
സച്ചിന്റെ കരിയറിലെ 49 ഏകദിന അർദ്ധ സെഞ്ചുറികളിൽ 7 എണ്ണവും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നായിരുന്നു. ഷാർജയിലെ ചടങ്ങിൽ പങ്കെടുക്കാനാഗ്രഹിച്ചെങ്കിലും അതിനു കഴിയാഞ്ഞതിൽ ഖേദമുണ്ടെന്നും സച്ചിൻ വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.