യുഎഇ യിൽ 1500 ദിർഹംസിന് താഴെ ശമ്പളമുള്ളവർക്ക് കമ്പനി താമസ സൗകര്യമൊരുക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം. അമ്പതോ അതിൽ കൂടുതൽ ആളുകളോ ഉള്ള കമ്പനികളും തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം നൽകണം എന്നും മന്ത്രാലയം അറിയിച്ചു.
യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടു കൂടിയുള്ളതും നിലവാരവുമുള്ളതുമായിരിക്കണം താമസകേന്ദ്രം. 500 ൽ താഴെ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഇടം അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തും. നൂറോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാനും നിർദ്ദേശമുണ്ട്. തൊഴിൽ സ്ഥലങ്ങളിലെ അപകട സാധ്യതകളെ കുറിച്ചും അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ചും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്താനും എല്ലാവർക്കും മനസ്സിലാകുന്ന അറബി അല്ലാത്ത മറ്റേതെങ്കിലും ഭാഷ ഉപയോഗിക്കാനും മാനവ വിഭവശേഷി മന്ത്രാലയം അറിയിക്കുന്നു.താമസ സ്ഥലത്തും ജോലിസ്ഥലത്തും ഫസ്റ്റ് എയിഡ് കിറ്റുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. അപകടം സംഭവിച്ചാൽ പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിവുള്ള ആരെങ്കിലും തൊഴിലാളികൾക്കിടയിൽ ഉണ്ടായിരിക്കാനും നിർദ്ദേശമുണ്ട്.
കമ്പനികൾ തൊഴിലാളികൾക്കായി ഒരുക്കിയ താമസ സ്ഥലം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മിന്നൽ പരിശോധനകളിലൂടെ ഇത്തരം കാര്യങ്ങൾ വിലയിരുത്തുമെന്നും നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമിപ്പിക്കുന്നു.