ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജോർദാൻ രാജാവ് അബ്ദുള്ളയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അബ്ദുള്ള രാജാവും സൗദി കിരീടാവകാശിയും തമ്മിൽ ചർച്ച നടത്തി. ബുധനാഴ്ച സൗദിയിലെത്തിയ രാജാവ് നേരത്തെ ഉംറ നിർവഹിച്ചിരുന്നു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അദ്ദേഹത്തെ സ്വീകരിച്ചു. ജോർദാനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അബ്ദുള്ള രാജാവിനൊപ്പം മക്കയിലെത്തിയിരുന്നു.