സൽമാൻഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ടൈഗർ 3 തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടെ ടൈഗർ 3 പ്രദർശിപ്പിക്കുന്ന തീയേറ്ററിന് അകത്ത് പടക്കം പൊട്ടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതാണ്ട് രണ്ട് മിനിറ്റോളം നീണ്ടു നിൽക്കുന്ന പടക്കം പൊട്ടിക്കലിനിടെ സിനിമ കാണാനെത്തിയവർ പ്രാണരക്ഷാർത്ഥം ഓടുന്നതും വീഡിയോയിലുണ്ട്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു തീയേറ്ററിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയതെന്നാണ് വിവരം.
ദേശീയതലത്തിൽ ചർച്ചയായ വീഡിയോക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ കൂടിയായ നടൻ സൽമാൻ ഖാൻ.
“ടൈഗർ 3 സമയത്ത് തിയേറ്ററുകൾക്കുള്ളിൽ പടക്കങ്ങൾ പൊട്ടിച്ച സംഭവത്തെ കുറിച്ച് ഞാൻ കേൾക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം. എല്ലാവരും സുരക്ഷിതായിരിക്കുക – സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
ഇത്തരമൊരു സംഭവത്തോട് സൽമാൻ ഖാൻ പ്രതികരിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ ആന്റിം: ദി ഫൈനൽ ട്രൂത്തിന്റെ റിലീസിനിടെ ആരാധകർ ഒരു സിനിമാ തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചിരുന്നു. ഈ സംഭവത്തെ അപലപിച്ച് സൽമാൻ എഴുതി, “എന്റെ എല്ലാ ആരാധകരോടും ഓഡിറ്റോറിയത്തിനുള്ളിൽ പടക്കം പൊട്ടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും. തീയേറ്റർ ഉടമകളോട് എന്റെ അഭ്യർത്ഥന, തീയേറ്ററിനുള്ളിൽ പടക്കങ്ങൾ കയറ്റാൻ അനുവദിക്കരുതെന്നും ഇതിനായി സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്നുമാണ്. സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കൂ, ഇത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യർത്ഥനയാണ്.. നന്ദി.”
റിലീസായ ദിനത്തിൽ തന്നെ 44.5 കോടി കളക്ഷൻ നേടിയ ടൈഗർ ത്രീ ടൈഗർ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ്. വൈ.ആർ.എഫ് ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഷാറൂഖ് ഖാൻ നായകനായ പത്താനും ഹൃതിക് റോഷൻ ടൈഗർ ഷിറോഫ് എന്നിവർ അഭിനയിച്ച വാറും നിർമ്മിച്ചത് വൈആർഫാണ്. മൂന്ന് സിനിമകളിലേയും കഥാപാത്രങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുള്ള സ്പൈ യൂണിവേഴ്സിൻ്റെ ഭാഗം കൂടിയാണ് ടൈഗർ ത്രീ. നേരത്തെ പത്താനും ഇതേ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.
I’m hearing about fireworks inside theaters during Tiger3. This is dangerous. Let’s enjoy the film without putting ourselves and others at risk. Stay safe.
— Salman Khan (@BeingSalmanKhan) November 13, 2023