ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി അസീസാണ് ദേവദാസിനെ കുത്തിയത്. മരുസാഗര്‍ ട്രെയിനില്‍ അര്‍ധരാത്രിയോടെയാണ് സംഭവം.
അസീസ് നേരത്തെ ട്രെയിനില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നുണ്ടായിരുന്നെന്നും, ഇത് ചോദ്യം ചെയ്തതിനാണ് ദേവദാസിനെ ആക്രമിച്ചതെന്നും ആര്‍പിഎഫ് പറഞ്ഞു. ഷൊര്‍ണൂര്‍ സ്റ്റേഷന് സമീപം ട്രെയിന്‍ പിടിച്ചിട്ടപ്പോഴാണ് അസീസ് ദേവദാസിനെ ആക്രമിച്ചത്.
ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ അസീസ് ട്രാക്കിലേക്കിറങ്ങി അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്റെ കഷ്ണവുമായി എത്തി ദേവദാസിനെ കുത്തുകയായിരുന്നു.
ദേവദാസിന്റെ കണ്ണിന് താഴെയായാണ് കുത്തേറ്റത്. ഇയാളെ ആദ്യം ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര് പി എഫ് പിടികൂടി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.