പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി യേശുദേവൻ ഉയർത്തെഴുന്നേറ്റതിൻ്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ ആഘോഷത്തോടെ അമ്പത് ദിവസം നീണ്ടുനിന്ന നോമ്പും ഒരാഴ്ചത്തെ വിശുദ്ധവാരാചരണവും സമാപിക്കും.
ഏപ്രിൽ രണ്ടിന് ആരംഭിച്ച ഓശാന പെരുന്നാളോടെയാണ് വിശുദ്ധ വാരാചരണം ആരംഭിച്ചത്. കുരിശിൻ്റെ വഴി, ഉപവാസം, തീർത്ഥാടനങ്ങൾ, ധ്യാനങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഈ ദിവസങ്ങളിൽ ദേവാലയങ്ങളിൽ നടന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളോടെയാണ് ഈസ്റ്റർ ആഘോഷങ്ങളും ആരംഭിച്ചത്.
പ്രഭാത നമസ്കാരം, ഉയിർപ്പ് ശുശ്രൂഷ, കുർബാന എന്നിവയ്ക്ക് ശേഷം ദേവാലയങ്ങിൽ ഈസ്റ്റർ സന്ദേശവും കൈമാറി. കഷ്ടങ്ങൾ സഹിച്ചും സത്യത്തിനുവേണ്ടി നിലകൊള്ളണമെന്ന് പുരോഹിതന്മാർ വിശ്വാസികളെ ഓർമിപ്പിച്ചു. കേരളത്തിന് പുറമെ പ്രവാസി സമൂഹത്തിലെ വിശ്വാസികളും ഉയർപ്പുദിന പ്രാർത്ഥനകളിൽ പങ്കെടുത്തു. ഇനിയുളള പകൽ ആഘോഷങ്ങളുടേതാണ്. ആളുകൾ പരസ്പരം ഈസ്റ്റർ ആശംസിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ഒത്തുചേർന്ന് സന്തോഷം പങ്കിടുകയുമാണ് പതിവ്.