രമാദേവി കേസിൽ ജനാർദ്ദനൻ ഭാര്യയെ കൊലപ്പെടുത്താൻ കാരണം ഭാര്യയിലുള്ള സംശയമാണെന്ന് ക്രൈം ബ്രാഞ്ച്. കൊല നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയായ ജനാർദ്ദനനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാൾ തന്നെയാണ് ഭാര്യ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ത്രിപ്തിയില്ലായെന്ന പരാതിയിൽ ജനാർദ്ദനൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
എന്നാൽ മരണസമയത്ത് രാമദേവിയുടെ കൈക്കുള്ളിലുണ്ടായിരുന്ന മുടിയിഴകളാണ് പ്രതിയെ കുടുക്കിയത്. ഒരു കയ്യിൽ 36 മുടിനാരുകളും മറുകയ്യിൽ 4 മുടിനാരുകളുമായിരുന്നു രമാദേവിയുടെ കയ്യിലുണ്ടായിരുന്നത്. കൊല നടന്ന് 4 വർഷത്തിന് ശേഷം ലഭിച്ച ശാസ്ത്രീയ പരിശോധനാ ഫലത്തിൽ മുടിനാരുകൾ ജനാർദ്ദനൻ നായരുടേതാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഇയാളുടെ സഹോദരൻ മറ്റൊരു കൊലക്കേസിൽ പ്രതിയായിരുന്നതിനാൽ അന്വേഷണം സഹോദരനിലേക്ക് നീണ്ടു. ഇതേ സമയം തന്നെ ഇവരുടെ വീടിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളിയെയും അയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കൊല നടന്ന ദിവസം മുതൽ കാണാതായതും അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കാൻ കാരണമായി. കൊടുവാളിനു സമാനമായ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവം നടന്ന് 7 മാസത്തിനു ശേഷം ആയുധം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കിണർ വറ്റിച്ചായിരുന്നു ആയുധം കണ്ടെത്തിയത്.
എന്നാൽ ശാസ്ത്രീയ തെളിവുകളെല്ലാം ജനാർദ്ദനൻ നായർക്കെതിരെയായിട്ടും അറസ്റ്റ് നടന്നത് 17 വർഷങ്ങൾക്ക് ശേഷമാണെന്നുള്ളത് കേസ് അട്ടിമറിക്കപ്പെട്ടത് കൊണ്ടാണെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.