കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടർന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയിൽ തന്നെ തുടരും. കരൾ ദാതാവും ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്.
മാർച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു.
തന്റെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷൻ ഉണ്ടെന്ന് ബാല അറിയിച്ചിരുന്നു. ”മൂന്നുദിവസത്തിനുള്ളിൽ ശസ്ത്രക്രിയയുണ്ട്. അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി.”- എന്നാണ് ബാല പറഞ്ഞത്.