മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീറിനോടുള്ള ആദരസൂചകമായി തലസ്ഥാനനഗരിയിൽ പ്രേം നസീർ സ്ക്വയർ വരുന്നു. പ്രേം നസീർ സുഹൃത് സമിതി മുൻകൈയെടുത്താണ് സർക്കാർ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നന്തൻകോട് ജംഗ്ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൗട്ടാണ് ഇനി മുതൽ പ്രേം നസീർ സ്ക്വയർ എന്ന പേരിൽ നാമകരണം ചെയ്യുന്നത്.
നാച്യുറൽ കമ്പനിയാണ് സ്ക്വയർ ഡിസൈൻ ചെയ്യുന്നത്. നിർമാണ ചെലവും പരിപാലനവും പ്രേം നസീർ സുഹൃദ് സമിതിയുടെ മേൽനോട്ടത്തിലായിരിക്കും. സ്ക്വയറിന്റെ നിർമാണോദ്ഘാടനം മാർച്ച് 24 ന് വൈകുന്നേരം 5.30ന് വികെ പ്രശാന്ത് എംഎൽഎ നിർവഹിക്കും.
കൗൺസിലർമാരായ ഡോ കെഎസ് റീന, മുൻ മേയർ കെ. ശ്രീകുമാർ, വിവി രാജേഷ്, പാളയം രാജൻ, മുൻമന്ത്രി വിഎസ് ശിവകുമാർ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, നിംസ് മെഡിസിറ്റി എം ഡി എം ഫൈസൽ ഖാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രേംനസീറിന്റെ 97ആം ജന്മദിനമായ ഏപ്രിൽ ഏഴിന് സ്ക്വയർ നാടിന് സമർപ്പിക്കാനാണ് തീരുമാനം