തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ്
ശാരദയുടെ നിയമനത്തിന് അംഗീകാരം നൽകിയത്. നിലവിൽ പ്ലാനിങ്ങ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. നിലവിലെ ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്ന ഒഴിവിലാണ് ഭാര്യയായ ശാരദയുടെ നിയമനം എന്നതാണ് കൗതുകം. ഓഗസ്റ്റ് 31നാണ് വേണു വിരമിക്കുന്നത്.
2025 ഏപ്രിൽ മാസം വരെ ശാരദ മുരളീധരന് ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാനാവും. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ മനോജ് ജോഷി തിരികെ കേരള കേഡറിലേക്ക് വരാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഡോ.വേണുവിന് നേരത്തെ ചീഫ് സെക്രട്ടറിയാവാൻ അവസരം ലഭിച്ചത്. 2027 ജനുവരി സർവ്വീസുള്ള മനോജ് ജോഷിക്ക് ഇക്കുറിയും ചീഫ് സെക്രട്ടറി പദവിയിലേക്ക് സാധ്യതയുണ്ടായിരുന്നുവെങ്കിലും കേന്ദ്രസർവ്വീസിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സീനിയോറിറ്റിയിൽ മനോജ് ജോഷിയ്ക്ക് താഴെയുള്ള ശാരദ മുരളീധരന് ചീഫ് സെക്രട്ടറി പദവിയിലേക്ക് വഴി തുറന്നത്.
വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ.വി.വേണു 1988-ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ആദ്യശ്രമത്തിൽ കിട്ടിയത് ഐ.ആർ.എസ് ആയിരുന്നു. ഐ.എഎസ് മോഹം ഉപേക്ഷിക്കാതെ 89 ൽ വീണ്ടും പരീക്ഷയ്ക്കിരുന്നു. 26-ാം റാങ്കുകാരനായി 1990 ബാച്ച് ഐ.എ.എസ്. ബാച്ചുകാരനായി. 91-ൽ തൃശ്ശൂർ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. സർവീസിൽ വലിയൊരു പങ്ക് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വേണു കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലെ ടൂറിസം വികസനത്തിന് വഹിച്ച പങ്ക് വലുതാണ്.
കേന്ദ്രത്തിൽ ടൂറിസം ഡയറക്ടറായിരിക്കുമ്പോൾ വേണുവാണ് ഇന്ത്യൻ വിനോദസഞ്ചാരത്തിന്റെ ടാഗ് ലൈനായി അറിയപ്പെട്ട ‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പരസ്യവാചകം സൃഷ്ടിച്ചത് . ലോക വിനോദസഞ്ചാരവിപണിയിൽ കേരളത്തെ ഏതൊരു വിദേശരാജ്യത്തോടൊപ്പവും മത്സരിക്കാൻ പ്രാപ്തമാക്കിയതിൽ പങ്കുവഹിച്ചതിലുള്ള പ്രധാനിയാണ് ഡോ. വേണു. പ്രളയത്തിനുശേഷം കേരള പുനർനിർമാണത്തിനുള്ള റീ ബിൽഡ് കേരള മിഷന്റെ നേതൃത്വത്തിൽ എത്തിയെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറഞ്ഞതോടെ ഇടയ്ക്കൊരു ചെറിയകാലം പ്രധാന പദവികളിൽനിന്ന് വേണുവിന് മാറിനിൽക്കേണ്ടിയും വന്നു.
കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡൽഹി നാഷണൽ മ്യൂസിയം തലവൻ തുടങ്ങിയ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചു. നാഷണൽ മ്യൂസിയത്തെ നവീകരിച്ചതും ഒട്ടേറെ പുതിയ ഗാലറികൾ തുറന്നതും ഇക്കാലത്താണ്. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലറുടെ ചുമതലയുമുണ്ടായിരുന്നു.
വി രാമചന്ദ്രൻ – പത്മാ രാമചന്ദ്രൻ, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവർ ദമ്പതിമാർ നേരത്തെയും കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചീഫ് സെക്രട്ടറി പദവിയിൽ ഭർത്താവും ഭാര്യയും തുടർച്ചയായി എത്തുന്നത്. കേരളത്തിൻ്റെ അൻപതാമതെ ചീഫ് സെക്രട്ടറി എന്ന വിശേഷണവും ശാരദാ മുരളീധരനുണ്ടാവും. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പത്മ രാമചന്ദ്രൻ. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരൻ.