അഞ്ച് ഗ്രഹങ്ങൾ ഒന്നിച്ച് ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. മാർച്ച് 28 ചൊവ്വാഴ്ച രാത്രി ആകാശത്ത് ദൃശ്യമാകുന്ന ‘പ്ലാനറ്ററി കൺജക്ഷൻ’ എന്നറിയപ്പെടുന്ന അഞ്ച് ഗ്രഹങ്ങളുടെ വിന്യാസം യുഎഇ യുടെ ആകാശത്ത് അപൂർവ ദൃശ്യ വിരുന്നാകും. . ഭൂമി എക്വിനോക്സിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി വ്യാഴം, ബുധൻ, ശുക്രൻ, യുറാനസ്, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആകാശത്ത് ഒന്നിച്ചെത്താൻ പോകുന്നത്. ഇവർക്കൊപ്പം ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനും കൂടി ആകാശത്ത് ഹാജരാകുന്നതോടെ ഒരു അപൂർവ്വ കാഴ്ചയാണ് കൈവരുന്നത്.
മാർച്ച് അവസാനം വരെ ഈ അഞ്ച് ഗ്രഹങ്ങളും ആകാശത്ത് അടുത്തടുത്തായി ഉണ്ടാകുമെങ്കിലും ഇന്ന് ഇവയെ വളരെ വ്യക്തമായി കാണാനാകും. അസ്തമയം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ചക്രവാളത്തിന് തൊട്ട് മുകളിലായി വില്ലിന്റെ ആകൃതിയിലാകും ഇവ പ്രത്യക്ഷപ്പെടുക. ശുക്രൻ, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ വ്യക്തമായി കാണുമെങ്കിലും ഭൂമിയിൽ നിന്നും താരതമ്യേന വിദൂരത്തിലുള്ള യുറാനസിനെയും ബുധനെയും കാണുക പ്രയാസകരമായിരിക്കും. ശുക്രന്റെ പ്രഭ കാരണം നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ കാണാനാകും.
ഈ പ്രതിഭാസം ഭൂമിയിൽ നിന്ന് കാണുന്ന ഗ്രഹത്തിന്റെ വിന്യാസത്തെ ആശ്രയിച്ച് വർഷത്തിൽ ഒന്നോ രണ്ടോ തവണ സംഭവിക്കാം. ഗ്രഹങ്ങൾ യഥാർത്ഥത്തിൽ വിന്യസിക്കുന്നില്ല. സൂര്യനു ചുറ്റും ഭൂമിയുടെ ഭ്രമണം മൂലമാണ് ഇത് സംഭവിക്കുന്നത്. കഴിഞ്ഞ വർഷം പുലർച്ചെയാണ് ഈ അലൈൻമെന്റ് നടന്നത്. ഈ സമയം വൈകുന്നേരത്തോടെ ഇത്തരത്തിലുള്ള വിന്യാസം നടക്കുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറഞ്ഞു.. .