തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെൻററുകളിലേക്ക് പഴയ വസ്ത്രങ്ങൾ വൻതോതിൽ എത്തിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഴ് ടൺ പഴകിയ തുണിയാണ് കൽപ്പറ്റയിലെ കളക്ഷൻ സെൻ്ററിൽ എത്തിയതെന്നും ഈ പഴയ വസ്ത്രങ്ങളൊന്നും ക്യാംപിലുള്ളവർക്ക് കൊടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഴയ വസ്ത്രങ്ങളെല്ലാം പ്രത്യേകം മാറ്റിവച്ച് മാലിന്യമായി കണക്കാക്കി സംസ്കരിക്കേണ്ടി വന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപകാരത്തിന് ചെയ്ത ഈ കാര്യം ഉപദ്രവമായി മാറിയെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാൾ വയനാട്ടിൽ എത്തുമെന്നും സന്ദർശനത്തിൽ കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശീയ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ കാണണമെന്ന് കേരളം ആവശ്യപ്പെടും. ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിൻറെ ടീം ലീഡർ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി രാജീവ് കുമാർ ഇന്ന് ഓഫീസിൽ എത്തി സന്ദർശിച്ചിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് കേരളത്തിൻ്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.