വധഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻറെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘത്തിൻറേതെന്ന പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. സൽമാൻ ഖാന്റെ ഓഫീസിലേയ്ക്കാണ് ഹിന്ദിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്.
ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോൾഡി ഭായ് എന്ന ഗോൾഡി ബ്രാറിന് സൽമാൻ ഖാനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു. സൽമാനെ നേരിൽ കാണണമെന്നും ഇമെയിലിലുണ്ട്. രോഹിത് ഗാർഗ് എന്നയാളുടെ ഐഡിയിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. സംഭവത്തിൽ നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാൽക്കർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നാലെ ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ, രോഹിത് ഗാർഗ് എന്നിവർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സൽമാനെ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് കഴിഞ്ഞ ആഴ്ച ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു. പഞ്ചാബ് ജയിലിൽ നിന്ന് ഒരു ചാനൽ അഭിമുഖം നൽകിയത് വലിയ വിവാദവും ആയി. എന്നാൽ അഭിമുഖം ജയിലിൽ നിന്നല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വാദം.