ഖത്തറിലെ ഹമദ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം. സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകളിൽ നിരവധി പുരസ്കാരങ്ങൾ ഹമദ് എയർപോർട്ട് സ്വന്തമാക്കി. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹമദ് എയർപോർട്ടിന് രണ്ടാം സ്ഥാനമാണ്. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്യോ ഹനേഡ മൂന്നും ദക്ഷിണ കൊറിയയിലെ സോൾ ഇഞ്ചിയോൺ വിമാനത്താവളം നാലാം സ്ഥാനവും നേടി. കൂടാതെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലും ഹമദ് ഒന്നാം സ്ഥാനം നേടി. ദുബായ് എയർപോർട്ട് രണ്ടാം സ്ഥാനവും ബഹ്റൈൻ വിമാനത്താവളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അതേസമയം മുൻവർഷങ്ങളിൽ തുടർച്ചയായി രണ്ടു തവണ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത് ഹമദ് എയർപോർട്ടിനെ ആയിരുന്നു. എന്നാൽ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എയർപോർട്ട് മേഖലയിലെ അഭിമാനകരമായ പുരസ്കാരങ്ങളിൽ ഒന്നാണ് സ്കൈട്രാക്സ്. യാത്രക്കാരുടെയും വിദഗ്ധരുടെയും റിപ്പോർട്ടുകളുടെയും വോട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങളെ പുരസ്കാരങ്ങൾക്കായി പരിഗണിക്കുക. സുരക്ഷിതത്വം, സേവനം, സാങ്കേതിക മികവ് തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കി പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുകയാണ് രീതി.
ബെസ്റ്റ് ഫാമിലി ഫ്രൻഡ്ലി എയർപോർട്ടുകളായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം ഇസ്തംബൂളിലെ വിമാനത്താവളത്തിനാണ്..ഹമദിന് മൂന്നാം സ്ഥാനമാണുള്ളത്. ഏറ്റവും മികച്ച വിനോദസൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിൽ സിംഗപ്പൂരിലെ ചാങ്കി എയർപോർട്ടിനാണ് ഒന്നാം സ്ഥാനം. ദോഹയിലെ ഹമദ് എയർപോർട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കി. അതേസമയം ബെസ്റ്റ് എയർപോർട്ട് ഷോപ്പിംഗ് പട്ടികയിൽ ഹമദ് എയർപോർട്ടിനാണ് ഒന്നാം സ്ഥാനം. ലോകത്തിലെ ക്ലീൻ എയർപോർട്ട് പട്ടികയിൽ ടോക്യോയിലെ ഹനേഡ എയർപോർട്ട് ഒന്നാം സ്ഥാനം നേടി. ഹമദിന് മൂന്നാം സ്ഥാനമാണുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ
1. സിംഗപ്പൂർ ചാങ്കി (സിംഗപ്പൂർ)
2.ദോഹ ഹമദ് വിമാനത്താവളം (ഖത്തർ)
3. ടോക്യോ ഹനേഡ (ജപ്പാൻ)
4. സോൾ ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)
5. പാരിസ് സി.ഡി.ജി (ഫ്രാൻസ് )
6. ഇസ്തംബൂൾ എയർപോർട്ട് (തുർക്കി )
7. മ്യൂണിക് എയർപോർട്ട് (ജർമനി)
8.സൂറിക് എയർപോർട്ട് (സ്വിറ്റ്സർലൻഡ്)
9.ടോക്യോ നാരിറ്റ (ജപ്പാൻ)
10. മഡ്രിഡ് ബറാജസ് (സ്പെയിൻ)