സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയി കാണാതായ 19 വയസുകാരനെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്യെ ആണ് കാണാതായത്. ഗോവ പൊലീസിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ സഞ്ജയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്.
നാട്ടുകാരും സുഹൃത്തുക്കളുമായ മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് സഞ്ജയ് ഡിസംബര്‍ 29ന് പുതുവത്സരാഘോഷത്തിന് ഗോവയ്ക്ക് പോയത്. കൃഷ്ണദേവ്, ജയകൃഷ്ണന് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ സഞ്ജയ് യെ കാണാതാവുകയായിരുന്നുവെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.
ഒന്നാം തീയതി ഗോവ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതിന് പിന്നാലെ കുടുംബത്തെ വിവരം അറിയിച്ചു. ഗോവയിലെ മലയാളി സംഘടനകളുമായി ചേര്‍ന്നാണ് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. തലയോലപ്പറമ്പ് പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.