വീട്ടുജോലിക്കാരുടെ നിയമനം സംബന്ധിച്ച് അനധികൃത ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. റമദാൻ മാസത്തിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.
വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻറെ അംഗീകാരമുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളെ സമീപിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അനധികൃത തൊഴിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമൂഹ മാധ്യമ പേജുകൾ അവഗണിക്കണമെന്നും മന്ത്രാലയം സ്വദേശികളോടും താമസക്കാരോടും അഭ്യർഥിച്ചു.
അംഗീകൃതമല്ലാത്ത ഏജൻസികൾ വഴി ജോലിക്കാരെ നിയമിക്കുന്നവർ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും സാമൂഹികവും ആരോഗ്യപരവുമായ അപകടസാധ്യതകളുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. 600590000 എന്ന നമ്പറിൽ മന്ത്രാലയത്തിൻറെ കോൾ സെൻററുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ഏജൻസികൾ ഔദ്യോഗികമാണോ എന്ന് പരിശോധിക്കാൻ അവസരമുണ്ട്. മന്ത്രാലയം അംഗീകരിച്ച 80 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഏജൻസികൾ രാജ്യത്തുടനീളമുണ്ട്.