2023-2024 അധ്യയന വർഷം മുതൽ വാർഷിക ട്യൂഷൻ ഫീസിൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കാൻ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി അംഗീകാരം നൽകി. സ്കൂളുകൾക്ക് ലഭ്യമായ റേറ്റിംഗ് മാനദണ്ഡം അനുസരിച്ചാണ് ഫീസ് വർദ്ധന നടപ്പാക്കുക. മതിയായ റേറ്റിംഗ് ഇല്ലാത്ത സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുമതിയില്ല. ഒക്ടോബറിൽ എമിറേറ്റിലെ 36 സ്വകാര്യ സ്കൂളുകളെ വിലയിരുത്തിയാണ് അതോറിറ്റി ആദ്യഘട്ട പരിശോധനാ പരിപാടി ആരംഭിച്ചത്. 74 സ്കൂളുകളുടെ മൂല്യനിർണയം കൂടി ഈ മാസം പൂർത്തിയാകും.
വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങൾ, അധ്യാപന മൂല്യനിർണ്ണയങ്ങൾ, പാഠ്യപദ്ധതി തുടങ്ങിയ വിഭാഗങ്ങളിലാണ് സ്കൂളുകളുടെ പ്രകടനത്തെ വിലയിരുത്തുന്നത്. മൂല്യനിർണയ പ്രക്രിയയുടെ ഭാഗമായി ഇൻസ്പെക്ടർമാർ ഓരോ സ്കൂളിലും നാല് ദിവസം ചെലവഴിക്കും. ഓരോ സ്കൂളിൻ്റേയും പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കുക.
സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഫീസ് വർദ്ധന തടയുന്നതിന് പിന്നാലെ പിഴ ഈടാക്കും. റേറ്റിംഗിന് അടിസ്ഥാനത്തിൽ തുടർ പരിശോധനകളും ഉണ്ടാകും. ദുബായ് എമിറേറ്റ്സിലെ റേറ്റിംഗിംഗ് അംഗീകാരം നേടിയ സ്കൂളുകളിൽ പുതിയ അധ്യയന വർഷം മൂന്ന് ശതമാനം ഫീസ് വർധനക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി അനുമതി നൽകിയിരുന്നു.