ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വീഡിയോ കോൾ സംവിധാനത്തിലൂടെ 2,50,000 ഇടപാടുകൾ നടത്തിയെന്ന് റിപ്പോർട്ട്. ജിഡിആർഎഫ്എയുടെ വീഡിയോ കോൾ സംവിധാനം ആരംഭിച്ച് ആദ്യ രണ്ട് മാസത്തെ കണക്കുകളാണിത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിസാ സംബന്ധമായ സംശയ നിവാരണങ്ങൾക്ക് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വീഡിയോ കാൾവഴി ആശയവിനിമയം നടത്താൻ കഴിയുന്ന സംവിധാനമാണിത്. വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയാണ് ഈ സേവനം സാധ്യമാകുന്നത്.
ഗോൾഡൻ വിസകൾ, സ്ഥാപന സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപക നടപടിക്രമങ്ങൾ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിൽ വീഡിയോ കോൾ സേവനം വളരെ ഫലപ്രദമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
വീഡിയോ കോൺഫറൻസിംഗ് സേവനത്തിലൂടെ താമസക്കാർക്ക് അവരുടെ അപേക്ഷകളുടെ നിലവിലെ സ്ഥിതി അന്വേഷിക്കാനും ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും പൂർത്തിയാക്കാനും കഴിയുമെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.