മാർച്ച് ഒന്നു മുതൽ യുഎഇയിൽ ടാക്സ് റെസിഡൻസി നിയമം നിലവിൽ വന്നു. ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. 137 രാജ്യങ്ങളുമായി യുഎഇക്ക് ഇരട്ട നികുതി കരാറുകളും ഉഭയകക്ഷി കരാറുകളുമുണ്ട്. ഈ രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎയിൽ നിന്നുള്ള ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അയാൾ യുഎഇക്കു പുറമെ, ജൻമ നാട്ടിലും നികുതി അടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാനാവും. നിരവധി പ്രവാസികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വർഷത്തിൽ 183 ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾ യുഎഇയിൽ ചെലവഴിക്കുന്ന വ്യക്തികളെയാണ് ടാക്സ് റെസിഡന്റ്സ് ആയി കണക്കാക്കുന്നത്. അവർക്ക് ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റുകൾ (ടിആർസി) നേടാനും നിരവധി രാജ്യങ്ങളുമായി യുഎഇ ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കൽ കരാറുകളിൽ നിന്ന് (ഡിടിഎഎ) പ്രയോജനം നേടാനും കഴിയും.ഫെഡറൽ ടാക്സ് അതോറിറ്റി വെബ്സൈറ്റ് അനുസരിച്ച് അപേക്ഷ സമർപ്പിക്കാൻ 45 മിനിറ്റ് എടുക്കും. അപേക്ഷകൻ തിരഞ്ഞെടുത്ത സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ഒരു വർഷത്തേക്കാണ് ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റുകൾക്ക് സാധുതയുള്ളത്. യു.എ.ഇയിലെ താമസക്കാർ ഇരട്ട നികുതിക്ക് വിധേയരല്ലെന്ന് ഉറപ്പാക്കാൻ ടിആർസി കൾ സഹായിക്കും.
ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഫെഡറൽ ടാക്സ് അതോറിറ്റി (FTA) വെബ്സൈറ്റ് വഴിയാണ് ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റായി അപേക്ഷ നൽകേണ്ടത്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ‘നികുതി റെസിഡൻസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയിൽ’ ക്ലിക്ക് ചെയ്യുക.
ഇവിടെയുള്ള അപേക്ഷാ ഫോമിൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, ടാക്സ് രജിസ്ട്രേഷൻ നമ്പർ, തുടങ്ങിയ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. പാസ്പോർട്ടിന്റെ പകർപ്പുകൾ, എമിറേറ്റ്സ് ഐഡി, വാടക കരാർ, യൂട്ടിലിറ്റി ബിൽ എന്നിവ പോലുള്ള ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷയിലെ എല്ലാ വിശദാംശങ്ങളും ശരിയാണോയെന്ന് ഉറപ്പ് വരുത്തുക. തുടർന്ന് പ്രൊസസ്സിംഗ് ഫീസും നൽകുക. തുടർന്ന് FTA അനുമതി നൽകിയാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തിക്ക് TRC നൽകും.
ഈ സർട്ടിഫിക്കറ്റ് ഇമെയിൽ വഴി അയയ്ക്കും, FTA അക്കൗണ്ടിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.