ദുബായ്: മലയാളി വിദ്യാർത്ഥി റിയാദിൽ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ മുങ്ങിമരിക്കുകയായിരുന്നു. ദുബായിലെ ഇന്ത്യൻ സ്കൂളിലെ പത്താം വിദ്യാർഥിയായിരുന്നു മഫാസ്.
കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശിയും ദുബായിൽ വ്യവസായിയുമായ അഷ്റഫിൻ്റേയും നസീമയുടേയും മകൻ മഫാസ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. കടലിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ തിരമാലയിൽ മഫാസും സഹോദരി ഫാത്തിമയും മുങ്ങി പോകുകയായിരുന്നു.
കുട്ടികളുടേയും കുടുംബത്തിൻ്റേയും നിലവിളി കേട്ടെത്തിയ അറബ് വംശജ്ഞനാണ് സാഹസികമായി ഫാത്തിമയെ രക്ഷപ്പെടുത്തിയത്. എന്നാൽ മഫാസിനെ കണ്ടെത്താനായില്ല. ശനിയാഴ്ച ദുബായ് പൊലീസാണ് മഫാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. എംബിഎ വിദ്യാർത്ഥിയാണ് ഫാത്തിമ. മാതാവ് നസീമയുടെ കണ്മുന്നിലാണ് മക്കൾ കടലിൽ അകപ്പെട്ടത്. സംസ്കാര ചടങ്ങുകൾ ദുബായിൽതന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈൽ എന്നിവർ അറിയിച്ചു.