ദുബായിൽ കമ്പനി ലൈസൻസുകൾ പുതുക്കാൻ പുതിയ നിബന്ധന. ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾക്ക് പുതിയ നിബന്ധന മുന്നോട്ട് വെച്ചത്.
സ്ഥാപനത്തിന്റെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതപ്രകാരമേ ഇനിമുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസ് പുതുക്കാൻ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടെയോ സാന്നിധ്യം നിർബന്ധമാക്കിയും സർക്കാർ സേവന സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി സർക്കുലർ അയച്ചു. പങ്കാളിത്ത ബിസിനസിലെ വിശ്വാസ്യത വർധിപ്പിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനും പുതിയ നിർദേശം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ വർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ രജിസ്റ്റർ ചെയ്ത പങ്കാളികൾ ഒ.ടി.പി മുഖേന സമ്മതമറിയിക്കണം. ലൈസൻസ് നടപടികൾക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയൽ രേഖ, പവർ ഓഫ് അറ്റോണി, ഫോൺ നമ്പർ എന്നിവ സൂക്ഷിച്ചുവെക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ സേവന സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും.