യുകെയിൽ അപൂർവമായ മാംസഭോജി ബാക്ടീരിയ രോഗം ബാധിച്ച് 20 കാരൻ മരിച്ചു. 20 കാരനായ ലൂക്ക് എബ്രഹാമാണ് മരിച്ചത്. ടോൺസിലൈറ്റിസെന്ന് തെറ്റിദ്ധരിച്ചാണ് ഡോക്ടർ ചികിത്സിച്ചിരുന്നത്. കൂടാതെ പരിശോധനകളൊന്നും ചെയ്യാൻ ഡോക്ടർമാർ ശ്രദ്ധിച്ചില്ലെന്നും കുടുംബം ആരോപിച്ചു. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടോൺസിലൈറ്റിസിനുള്ള മരുന്ന് നിർദേശിക്കുകയുമായിരുന്നു. റെയിൽവേയിൽ എഞ്ചിനീയറും ഫുട്ബാളറുമാണ് ലൂക്ക്
മരുന്ന് കഴിക്കുകയും യുവാവിന് പിന്നീട് കടുത്ത കാലുവേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ലൂക്കിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ യുവാവിനെയും കുടുംബത്തെയും ഡോക്ടർ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ശേഷം യുവാവിന്റെ നില ഗുരുതരമായതോടെ രക്ഷിതാക്കൾ ആംബുലൻസ് വിളിച്ച് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ ലൂക്കയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിന് മാംസ ഭോജി ബാക്ടീരിയ രോഗം ബാധിച്ചിരുന്നെന്ന് വ്യക്തമായത്.
എന്താണ് മാംസ ഭോജി അസുഖം
നെക്രൊറ്റൈസിങ് ഫാഷ്യയ്റ്റസ് എന്ന അപൂർവ രോഗമാണിത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയ തൊലിപ്പുറത്തെ മുറിവുകളിലൂടെയോ മറ്റോ ആണ് ശരീരത്തിനകത്ത് കടക്കുന്നത്. പെട്ടെന്ന് തന്നെ ദേഹം മുഴുവൻ വ്യാപിച്ച് മരണത്തിനിടയാക്കുകയും ചെയ്യും. ശരീരകലകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയയാണിത്.
രോഗം തിരിച്ചറിയുക, ആന്റിബയോട്ടിക്കുകൾ നൽകുക, ശസ്ത്രക്രിയ നടത്തുക എന്നിവയാണ് അണുബാധ തടയാനുള്ള വഴികൾ. ശരീരത്തിൽ മുറിവുണ്ടായതിനോ ശസ്ത്രക്രിയകൾ നടത്തുകയോ ചെയ്തതിന് പുറമേ ത്വക്ക് ചുവന്ന നിറത്തിലാവുക, ചൂടുള്ളതാവുക, വീർക്കുക, വേദനാജനകമാവുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.