തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ 45,000-ലധികം ആളുകൾ കൊല്ലപ്പെട്ടു. തുർക്കിയിലെ മരണസംഖ്യ 39,672 ആണ്, അയൽരാജ്യമായ സിറിയയിൽ 5,800 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്കിയിലെ 264,000 അപ്പാർട്ടുമെന്റുകൾ നശിച്ചു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തത്തിൽ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭൂകമ്പം ഉണ്ടായി പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം അതിജീവിച്ച മൂന്ന് പേരെ വെള്ളിയാഴ്ച തുർക്കിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിരുന്നു. 278 മണിക്കൂറുകൾക്ക് ശേഷം 40 വയസ്സുള്ള ഹകൻ യാസിനോഗ്ലുവിനെ തെക്കൻ പ്രവിശ്യയായ ഹതേയിൽ രക്ഷപ്പെടുത്തിയതായി ഇസ്താംബുൾ അഗ്നിശമനസേന അറിയിച്ചു. ദിവസങ്ങളായിട്ടും സിറിയയുടെ കണക്കിൽ മാറ്റമില്ല.
അതേസമയം വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള പള്ളികൾ തുർക്കിയിലും സിറിയയിലും മരിച്ചവർക്കായി ശവസംസ്കാര പ്രാർത്ഥനകൾ നടത്തി. നിരവധി അന്താരാഷ്ട്ര രക്ഷാസംഘങ്ങൾ തെരച്ചിൽ അവസാനിപ്പിച്ച് ഭൂകമ്പ മേഖല വിട്ടുപോയിട്ടുണ്ട്. എന്നാൽ ആഭ്യന്തര സംഘങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. ഫെബ്രുവരി ആറിനാണ് 7.8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പം ഉണ്ടായത്.