ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണ ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണ് നാരായണ ദാസ് എന്നും പൊലീസ് പറഞ്ഞു.
വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണദാസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നാരായണ ദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാരായണദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. നാരായണ ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമേ വിളിപ്പിക്കാവൂ എന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഷീലയുടെ സ്കൂട്ടറില്‍ എല്‍എസ്ഡി സ്റ്റാംപ് ഒളിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസിന് വിവരം നല്‍കിയത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണ ദാസാണെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാളെ പരിചയമില്ലെന്നും പിന്നെ എന്തിന് തന്നോട് ഇത് ചെയ്തുവെന്ന് അറിയില്ലെന്നുമാണ് ഷീല സണ്ണി ഇതിന് പിന്നാലെ പ്രതികരിച്ചത്. മകന്റെ ഭാര്യയുടെ അനുജത്തി ലിവിയയുടെ സുഹൃത്താണ് നാരായണദാസ് എന്ന് മാത്രമേ തനിക്ക് അറിയൂ. ബെംഗളൂരുവില്‍വെച്ചാണ് ഇരുവരം പരിചയം എന്നാണ് അറിവ്. ഇയാളെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലിവിയ ബംഗളൂരുവിലാണ് താമസം. തന്നോട് വൈരാഗ്യം തോന്നാനും കേസില്‍ കുടുക്കാനും തക്ക പ്രശ്നങ്ങള്‍ ഒന്നും മരുമകളുടെ അനിയത്തിയുമായി ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.