തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി. പതിനാറ് സീറ്റുകളിൽ യുഡിഎഫ് സ്ഥാനർത്ഥികൾ വ്യക്തമായ ലീഡോടെ മുന്നേറുമ്പോൾ ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എൽഡിഎഫിന് ലീഡുള്ളത്. ഇതിൽ ആറ്റിങ്ങലിൽ ലീഡ് നില മാറിമാറിയുന്ന നിലയാണുള്ളത്.
തൃശ്ശൂരിൽ അരലക്ഷം വോട്ടിൻ്റെ ലീഡോടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ചപ്പോൾ സിപിഐയുടെ വിഎസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്ത് എത്തി. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരുവനന്തപുരത്ത് തുടർച്ചയായി നാലാം വട്ടം മത്സരിക്കാനിറങ്ങിയ ശശി തരൂരിന് കനത്ത വെല്ലുവിളിയാണ് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖരൻ ഉയർത്തുന്നത്.
രാവിലെ 11.45-ലെ നില അനുസരിച്ച് 13,000 വോട്ടിന് രാജീവ് തരൂരിന് മുന്നിൽ ലീഡ് ചെയ്യുകയാണ്. തൃശ്ശൂർ കൂടാതെ തിരുവനന്തപുരത്ത് കൂടി ജയിച്ച് ഇരട്ടസീറ്റുകളോടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ വിജയം ഉറപ്പിച്ചതൊഴിച്ചാൽ ഇടതുപക്ഷത്തിന് കനത്ത ആഘാതമാണ് ഈ തെരഞ്ഞെടുപ്പ്. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാൽ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.
കൊല്ലത്ത് അരലക്ഷം വോട്ടിന് പ്രേമചന്ദ്രൻ ലീഡ് ചെയ്യുകയാണ്. മാവേലിക്കരയിൽ 9000 വോട്ടിന് കൊടിക്കുന്നിലും, പത്തനംതിട്ടയിൽ 20000 വോട്ടിന് ആൻ്റോ ആൻ്രണിയും, ആലപ്പുഴയിൽ 35000 വോട്ടിന് കെ.സി വേണുഗോപാലും ലീഡ് ചെയ്യുന്നു.
ഇടുക്കി തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയ ഡീൻ കുര്യാക്കോസ് നിലവിൽ ലീഡ് ഒരു ലക്ഷം കടത്തിയിട്ടുണ്ട്. എറണാകുളത്ത് ഒന്നേകാൽ ലക്ഷം വോട്ടിന് ഹൈബി നിലവിൽ ലീഡ് ചെയ്യുന്നു. ചാലക്കുടിയിൽ ബെന്നി ബെഹനാൻ 18000 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്.
പാലക്കാട് ആദ്യഘട്ടത്തി എ.വിജയരാഘവൻ ലീഡ് ചെയ്തെങ്കിലും പിന്നീട് മുന്നേറിയ വി.കെ ശ്രീകണ്ഠൻ ഇവിടെ 42000 വോട്ടിന് ലീഡ് ചെയ്യുകയാണ്. പൊന്നാനിയിൽ സമദാനിയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക് നീങ്ങുമ്പോൾ മലപ്പുറത്ത് ഇടി ഒന്നേകാൽ ലക്ഷത്തിന് മുന്നേറുകയാണ്.
നാലാം വട്ടം മത്സരിക്കാനിറങ്ങിയ എം.കെ രാഘവൻ കോഴിക്കോട്ടെ ഭൂരിപക്ഷം 85000 ത്തിലേക്ക് ഉയർത്തി കഴിഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 1.60 ലക്ഷത്തിലേക്ക് എത്തി. വടകരയിൽ ഷാഫി 30,000 വോട്ടിനും കണ്ണൂരിൽ സുധാകരൻ 35,000 വോട്ടിനും ലീഡ് ചെയ്യുന്നു. കാസർകോട് ഉണ്ണിത്താൻ 15000 വോട്ടിന് ഇടത് സ്ഥാനാർത്ഥിയേക്കാൾ മുന്നിലാണ്.